പ്രശസ്ത നടൻ ജോണി അന്തരിച്ചു

പ്രശസ്ത മലയാള നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുണ്ടറ ജോണിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 71 വയസ്സായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. 1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഏറ്റവും കൂടുതൽ കയ്യടി നേടിയത് വില്ലൻ വേഷങ്ങളിലൂടെയാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മേപ്പടിയാനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

രാജാവിന്റെ മകൻ, ആവനാഴി, അമൃതം ഗമയ, ഒരു സിബിഐ ഡയറികുറിപ്പ് , നാടോടിക്കാറ്റ്,കിരീടം, ചെങ്കോൽ, ഒരു വടക്കൻ വീരഗാഥ, 1921 , പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഗോഡ്ഫാദർ, ആനവാൽ മോതിരം, ഇൻസ്‌പെക്ടർ ബൽറാം, കാബൂളിവാല, സ്ഫടികം, ആറാം തമ്പുരാൻ, ക്രൈം ഫയൽ, ദാദാസാഹിബ്, ഭാരത് ചന്ദ്രൻ ഐപിഎസ്, തുടങ്ങി ഒട്ടേറെ വലിയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.

തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ജോണി ജോസഫ് എന്ന കുണ്ടറ ജോണി, ടെലിവിഷൻ പരമ്പരകളുടേയും ഭാഗമായിട്ടുണ്ട്. വാഴ്‌കൈ ചക്രം , നാഡിഗൻ എന്നിവയാണ് അദ്ദേഹം ചെയ്ത തമിഴ് ചിത്രങ്ങൾ. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്ന സ്റ്റെല്ലയെ ആണ് ജോണി വിവാഹം ചെയ്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. നൂറിലധികം ചിത്രങ്ങളാണ് അദ്ദേഹം തന്റെ കരിയറിൽ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *