തീക്ഷ്ണമായ കണ്ണുകള്, നരകയറിയ മുടിയും താടിയും! ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ്; ഞെട്ടിച്ച് ‘തങ്കമണി’ ഫസ്റ്റ് ലുക്ക്
തീയാളുന്ന നോട്ടവും നരകയറിയ മുടിയും താടിയുമൊക്കെയായി നിൽക്കുന്ന നടൻ ദിലീപിന്റെ ഞെട്ടിക്കുന്ന വേഷപകർച്ച സോഷ്യൽമീഡിയിൽ ആളിപ്പടർന്നിരിക്കുകയാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന സിനിമയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ജനപ്രിയ നായകനെത്തുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും ‘തങ്കമണി’യെന്നാണ് പ്രേക്ഷകരേവരും കാത്തിരിക്കുന്നത്.
തങ്കമണി സംഭവത്തിന്റെ 37 -ആം വാർഷിക ദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ടിന്റെ നടുക്കുന്ന ഓർമ്മകള് കേരള ചരിത്രത്തിന്റെ ഭാഗമായതാണ്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവത്തെ ആധാരമാക്കിയെത്തുന്നതാണ് ദിലീപ് ചിത്രം ‘തങ്കമണി’.
ജനപ്രിയ നായകന്റെ 148-ാം സിനിമയായെത്തുന്ന ‘തങ്കമണി’യുടേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്ന മോഷൻ പോസ്റ്റർ വളരെ ചർച്ചയായിരുന്നു. ‘പെണ്ണിന്റെ പേരല്ല തങ്കമണി, വെന്ത നാടിന്റെ പേരല്ലോ തങ്കമണി…’ എന്ന നാടൻ പാട്ടുമായിട്ടായിരുന്നു മോഷൻ പോസ്റ്റർ വീഡിയോ എത്തിയിരുന്നത്. സിനിമാഗ്രൂപ്പുകളിലടക്കം ‘തങ്കമണി’യെ കുറിച്ച് വലിയ ചർച്ചകളാണ് അതിന് ശേഷം നടന്നുകൊണ്ടിരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയിരുന്നത്. ‘ജയിലറി’ന്റെ ഫൈറ്റ് മാസ്റ്ററായിരുന്ന സ്റ്റൺ ശിവയും ‘തല്ലുമാല’യിലും ‘തുണിവി’ലും സംഘട്ടനം ഒരുക്കിയ സുപ്രീം സുന്ദറും ‘അയ്യപ്പനും കോശി’യിലും ‘ബില്ല’യിലും ആക്ഷൻ രംഗങ്ങളൊരുക്കിയ രാജശേഖറും ‘തുറമുഖ’ത്തിന് ശേഷം മാഫിയ ശശിയും ‘തങ്കമണി’യിൽ സംഘട്ടന രംഗങ്ങളൊരുക്കാൻ ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്. അതിനാൽ തന്നെ ‘തങ്കമണി’ ആക്ഷൻ, മാസ് സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ വാനോളം ഉയർത്തിയിട്ടുണ്ട്.
ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ ‘അമൃത’, സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ് ആഡ്സ്, വിതരണം, മാർക്കറ്റിങ്: ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്.