അനൗദ്യോഗിഗമായി പ്രചരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം കൂടി ആരാധകർ ആഘോഷിക്കുന്നു. കുറച്ചധികം നാളുകളായി കേൾക്കുന്ന ഡിജോ ജോസ് – മോഹൻലാൽ ചിത്രം വീണ്ടും ചർച്ചയാകുന്നു. മോഹൻലാലിനെ നായകനാക്കി ഒരു വമ്പൻ ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി എന്ന വാർത്തകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ ചെയ്യുന്ന നിവിൻ പോളി നായകനായ ചിത്രത്തിനു ശേഷമായിരിക്കും മോഹൻലാൽ നായകനായ ചിത്രത്തിലേക്ക് ഡിജോ കടക്കുക.
ചിത്രം നടക്കുകയാണെങ്കിൽ രണ്ടു തറ ആരാധകർ അദ്ദേഹത്തിന് വേണ്ടി ഒരുക്കുന്ന മനോഹര ചിത്രമായി ഇത് മാറും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വരാജ് സുകുമാരനും ചേർന്ന് നിർമ്മിക്കുമെന്ന് കരുതപ്പെടുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മോഹൻലാലിനൊപ്പം ഇതിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയാണെന്നാണ് സൂചന.
മോഹൻലാൽ- അരവിന്ദ് സ്വാമി എന്നിവർക്കൊപ്പം പൃഥ്വിരാജ് സുകുമാരനും ഇതിലൊരു നിർണ്ണായക വേഷം ചെയ്യുമെന്നും വാർത്തകളുണ്ട്. ഈ ചിത്രവും ഇതിലെ താരങ്ങളേയും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും,ജനഗണമന രചിച്ച ഷാരിസ് മുഹമ്മദാണ് ഈ ചിത്രവും രചിക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും, ഒരു പുതുമുഖമാണ് ഇതിന്റെ രചന നിർവ്വഹിക്കുന്നതെന്ന വാർത്തകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
ക്വീൻ എന്ന ഹിറ്റ് ചിതമൊരുക്കി കൊണ്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ച ഡിജോ ജോസ് ആന്റണി, മോഹൻലാലിനെ വെച്ചൊരുക്കിയ കൈരളി ടിഎംടി സ്റ്റീൽ പരസ്യ ചിത്രവും വൈറലായി മാറിയിരുന്നു.