തന്റെ പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന്റെ റിലീസിനു മുന്നോടിയായാണ് സിബിഎഫ്സിയുടെ മുംബൈ ഓഫീസിനെതിരെ നടൻ വിശാൽ കോഴ ആരോപണം ഉന്നയിച്ചത്.
തമിഴ് നടൻ വിശാൽ ഉയർത്തിയ അഴിമതിയാരോപണത്തിൽ പ്രതികരിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (Central Board of Film Certification (CBFC)). തന്റെ പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’ തിയേറ്ററുകളിലെത്തിക്കാനായി സിനിമയുടെ നിർമാതാക്കൾ സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്ക് 6.5 ലക്ഷം രൂപ കൈക്കൂലി നൽകി എന്നായിരുന്നു വിശാലിന്റെ ആരോപണം.
”വിശാലിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ യോഗം ചേർന്നിരുന്നു. സംഭവം അർഹിക്കുന്ന ഗൗരവത്തോടെ തന്നെ അന്വേഷിക്കുകയാണ്. അന്വേഷണത്തിനു ശേഷം കർശനമായ നടപടി സ്വീകരിക്കും”, സിബിഎഫ്സി ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന്റെ റിലീസിനു മുന്നോടിയായാണ് സിബിഎഫ്സിയുടെ മുംബൈ ഓഫീസിനെതിരെ നടൻ വിശാൽ കോഴ ആരോപണം ഉന്നയിച്ചത്. ഫിലിം സർട്ടിഫിക്കേഷനായി ഇടനിലക്കാർക്ക് പണം നൽകിയതിന്റെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ പറയുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ജീവനക്കാരല്ലെന്നും, മറിച്ച് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇടനിലക്കാരാണെന്നും സിബിഎഫ്സി പറഞ്ഞു.