ക്യാമറ ഫോക്കസ് ചെയ്ത് അടുക്കുന്തോറും വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്നതു പൊലീസ് യൂണിഫോമിൽ മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസിന്റെ ചിത്രമാണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ആദ്യ ലുക്കാണിത്. അണിയറപ്രവർത്തകർ ഇന്നു പുറത്തുവിട്ടിരിക്കുന്ന മനോഹരമായ കാഴ്ച്ച ഏറെ ശ്രദ്ധേയമാകുന്നു. ഈ ചിത്രത്തിന്റെ ആദ്യത്തെ കാഴ്ച്ചയുമാണിത്. വെള്ളത്തിൽ തലതിരിഞ്ഞു വരുന്ന ടൊവിനോയുടെ മുഖം എത്തി നിൽക്കുന്നതു നേർക്കുള്ള മുഖത്തിൽ. അതിന്റെ പ്രതിഫലനമാണ് വെള്ളത്തിൽ തെളിയുന്നത്
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റം മികച്ച ഇൻസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും. എസ്. ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്.
കാപ്പയുടെ വലിയ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരയുടെ അകമ്പടിയോടെയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രമെത്തുന്നത്. ഷമ്മി തിലകൻ, ബാബുരാജ്, സിദ്ദിഖ്, ഇന്ദ്രൻസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, വിനീത് തട്ടിൽ, ജയ്സ് ജോർജ്, പ്രമോദ് വെളിയനാട്, അർത്ഥനാ ബിനു, അശ്വതി മനോഹരൻ, കെ. കെ. സുധാകരൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കടുവയുടെ മികച്ച വിജയത്തിനു ശേഷം ജിനു വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഗൗതം ശങ്കർ.
എഡിറ്റിംഗ് – സൈജു ശ്രീധർ.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റ്യും – ഡിസൈൻ – സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ്സുക്യമാരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺടോളർ – സഞ്ജു ജെ.
കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.