വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം വിക്രം നായകനായി എത്തുന്ന ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
തുടർന്ന് വർഷങ്ങൾ എടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. ഗൗതം വാസുദേവ് മേനോൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. 2023 നവംബർ 24-നാണ് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഒരു ആക്ഷൻ സ്പൈ ജോണറിൽ പെടുന്ന ‘ധ്രുവനച്ചത്തിരം‘ എന്ന ചിത്രത്തിൽ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, പാർത്തിപൻ, സിമ്രാൻ, വിനായകൻ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നു.
ചിത്രത്തിൽ മലയാള നടൻ വിനായകൻ ആണ് വില്ലൻ വേഷത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രജനികാന്ത് ചിത്രമായ ജയിലറിൽ വിനായകൻ അവതരിപ്പിച്ച പ്രതിനായകന്റെ കഥാപാത്രം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ജയിലറിന് മുൻപ് അഭിനയിച്ചതാണ് ‘ധ്രുവനച്ചത്തിരം’-ത്തിലെ കഥാപാത്രമെങ്കിലും, പ്രേക്ഷകർ ഇപ്പോൾ വലിയ പ്രതീക്ഷയിലാണ് വിനായകനെ നോക്കിക്കാണുന്നത്.
ന്യൂയോർക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അണ്ടർകവർ ഓപ്പറേറ്റീവ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത് വിക്രം ആരാധകരിൽ വലിയ രീതിയിൽ ആകാംക്ഷയും ആവേശവും സൃഷ്ടിച്ചിരിക്കുന്നു. അതോടൊപ്പം തന്നെ വിനായകനെ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകർ.