മലയാള സിനിമ പ്രേമികളുടെയും ആരാധകരുടെയും പ്രതീക്ഷകളെ വാനോളമുയര്‍ത്തി ലൂസിഫറിന്റെ തുടര്‍ച്ച ‘എമ്പുരാന്’ ലോഞ്ച് ചെയ്ത് അണിയറക്കാര്‍.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗത്തില്‍ ആശിര്‍വാദ് സിനിമാസിനൊപ്പം നിര്‍മ്മാണ പങ്കാളിയായി 2.0, പൊന്നിയിന്‍ സെല്വന് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക പ്രൊഡക്ഷന്‍സും എത്തുന്നുണ്ട്. ഒക്ടോബര്‍ 5 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.
ലൂസിഫറിന്റെ പ്രസക്തഭാഗങ്ങള്ക്കൊപ്പം സിനിമയില്‍ ഗോവര്ദ്ധന് എന്ന കഥാപാത്രമായെത്തുന്ന ഇന്ദ്രജിത്തിന്റെ ശബ്ദത്തിലൂടെയാണ് അബ്രാം ഖുറേഷിയുടെ ലോകത്തേക്ക് പൃഥ്വിരാജും മുരളി ഗോപിയും പ്രേക്ഷകരെ കൊണ്ടു പോകുന്നത്.
ആദ്യഭാഗത്തിന് ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് തന്നെയാണ് എമ്പുരാനിലും ഛായാഗ്രാഹകന്റെ റോളിലെത്തുന്നത്. ദീപക് ദേവിന്റെതാണ് സംഗീതം, സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക .