‘2018’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. കന്ന‍ഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയാൽ മാത്രമേ ചിത്രത്തിന് അവാർഡിന് അർഹതയുള്ളൂ.

കേരളത്തെ പിടിച്ചുലച്ച 2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ അനൂപ് എന്ന പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു 2018.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്. 2018 ബോക്സ് ഓഫീസിൽ വൻ വിജയമായതിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു.

എഡിറ്റർ ശ്രീകർ പ്രസാദ്, സംവിധായകൻ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടർ എസ് വിജയൻ, നിർമാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകൻ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനര്‍ വാസുകി ഭാസ്കർ, എഴുത്തുകാരും സംവിധായകരുമായ ആർ മധേഷ്, എം വി രഘു, രാഹുൽ ഭോലെ, സിനിമാ ചരിത്രകാരൻ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുത്തത്. 22 സിനിമകളാണ് കമ്മിറ്റി കണ്ടത്.

2023ലെ ഓസ്‌കാറിൽ രണ്ട് പുരസ്‌കാരങ്ങൾ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ആര്‍ആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ത്യ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടി. അക്കാദമി വേദിയിലും ഗാനം അവതരിപ്പിച്ചു. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും നേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *