നവയുഗ സിനിമ പോസ്റ്റർ ഡിസൈനർമാരെ നിങ്ങൾ ഇത് കാണുക; ലൈൻ ബസ് മലയാളം സിനിമ പോസ്റ്റർ

ഇന്ന് പുറത്തിറങ്ങുന്ന സിനിമ പോസ്റ്ററുകൾ വൈവിധ്യം നിറഞ്ഞതാണെന്ന് നമ്മൾ പറയുമ്പോൾ 1971 -ൽ പുറത്തിറങ്ങിയ മലയാള ചിത്രം ലൈൻ ബസ് എന്ന സിനിമയുടെ പോസ്റ്റർ ഒന്ന് കാണുക. അന്ന് എല്ലാ ജില്ലകളിലും ഓരോ തീയേറ്ററുകൾ ആയിരുന്നു ഒരു ചിത്രത്തിന് റിലീസിന് ലഭിച്ചിരുന്നത്. ഈ ഓരോ തീയേറ്ററുകളെയും ഒരു സ്റ്റോപ്പ് ആയും, അഭിനേതാക്കളെ ഇതിലെ യാത്രക്കാരെയും ആണ് കാണിച്ചിരിക്കുന്നത്. ഇങ്ങു തെക്കു തിരുവനന്തപുരം മുതൽ വടക്കു കണ്ണൂർ വരെയുള്ള സ്റ്റോപ്പുകൾ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകർ ബസ് നിർമ്മാണകർ ആയും, നിർമ്മാതാവ് സി സി ബേബിയെ ഓണർ ആയും കാണിച്ചിരിക്കുന്നു. സംവിധായകൻ കെ സ് സേതുമാധവൻ ആണ് ബസ് നിയന്ത്രിക്കുന്നത്. റൂട്ട് പെർമിറ്റ് നൽകിയിരിക്കുന്നത് ജോളി ഫിലിംസ് എറണാകുളം ആണ് (വിതരണം നിർവഹിച്ചത് ജോളി ഫിലിംസ് എറണാകുളം)


ഏതായാലും ആ കാലഘട്ടത്തിലും ഇത്രയും മനോഹരമായി പോസ്റ്റർ വരച്ചിരിക്കുന്നത് ബാലൻ വി എം എന്നാണ് പോസ്റ്ററിൽ നിന്നും മനസ്സിലാകുന്നത്.

1971-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ലൈൻ ബസ്, കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സി.സി.ബേബി നിർമ്മിച്ചത്. മധു, ജയഭാരതി, അടൂർ ഭാസി, പ്രമീള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയത് ജി.ദേവരാജൻ മാഷാണ്.

മകളെ പഠിപ്പിച്ച് ഡിഗ്രിക്കാരിയാക്കാൻ മോഹിച്ച ഒരു കൊച്ചുകുടുംബം.വിധി അവരുടെ ആഗ്രഹം സഫലമാക്കാൻ വഴിയൊരുക്കിയോ? ഉത്തരം “ലൈൻ ബസ്സി”ലൂടെ.

കഥ: മുട്ടത്തു വർക്കി,തിരക്കഥ,സംഭാഷണം: എസ് എൽ പുരം സദാനന്ദൻ, നിർമ്മാണം: സി സി ബേബി, ബാനർ: എം എസ് പ്രൊഡക്ഷൻസ്

റിലീസ് തിയ്യതി: 5 നവംബർ , 1971

ലൈൻബസ്സിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു –

സരസമ്മ : ഉന്നതവിദ്യാഭ്യാസത്തിനു സാമ്പത്തിക പരാധീനതകൾ വിലങ്ങുതടിയായി വന്നതുകൊണ്ടാണു് എന്റെ സഹോദരൻ പട്ടാളത്തിൽ പോയതു്. SSLC പാസ്സായ എനിക്കു കോളേജിൽ ചേർന്നു പഠിക്കണമെന്നു് ആശ തോന്നിയതു കുറ്റമാണോ? ചേട്ടൻ എല്ലാ മാസവും പണമയച്ചുകൊണ്ടിരുന്നതു് കൊണ്ടു് അച്ഛനും എന്റെ ആഗ്രഹത്തിനു വഴങ്ങി. വിദൂരമല്ലാത്ത പട്ടണത്തിലുള്ള കോളേജിൽ ഒരു ദിവസം അച്ഛൻ എന്നെ കൊണ്ടുചെന്നു ചേർത്തു. പത്മിനി ബസ്സിലാണു് ഞങ്ങൾ ടൗണിലേക്കു് പോയതു്. അതിലെ ചെക്കർ ഗോപിക്കുട്ടൻ എന്നെ കോളേജിൽ ചേർക്കുന്നതിനും മറ്റും ഞങ്ങളെ വളരെയേറെ സഹായിച്ചു. കവലച്ചട്ടമ്പികളുടെയും കോളേജ് കാമുകന്മാരുടേയും ഇടയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കാര്യം എനിക്കു അത്ര എളുപ്പമല്ലായിരുന്നു. എങ്കിലും ഗോപിച്ചേട്ടനുമായുള്ള അടുപ്പം എനിക്കു് ആത്മധൈര്യം നൽകി. പക്ഷെ കോളേജിലെ കാമുകകിങ്കരന്മാരുടെ നേതാവായ ചന്ദ്രസേനന്റെ വിരോധത്തിനു് ഗോപിച്ചേട്ടൻ പാത്രമാകേണ്ടിവന്നു.

ഗോപി : ചന്ദ്രസേനനെപ്പോലുള്ള കുറച്ചു റൗഡികളെ പെറ്റു വളർത്തി നാട്ടിലുള്ള പെൺകുട്ടികളെയെല്ലാം വഴിയാധാരമാക്കാൻ ലൈസൻസും പണവും നൽകി വിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞു് കോളേജിലേക്കയക്കുന്ന അച്ഛനമ്മമാർ ഒന്നു ചിന്തിക്കുന്നതു് നന്നായിരിക്കും. പഴയ കാലം മാറിയിരിക്കുന്നു. കണ്ണു തുറന്നു സ്വബോധത്തോടുകൂടി ചുറ്റുപാടും നോക്കിക്കാണുക. ജഡ്ജിയുടെ മകനായതുകൊണ്ടു് സ്വാധീനം ചെലുത്ത എനിക്കു ഉദ്യോഗം ഇല്ലാതാക്കാനല്ലേ ചന്ദ്രസേനനു കഴിയുള്ളു. ഇന്നു ഞാൻ സ്വതന്ത്രനാണു്. അരക്കൈ നോക്കിക്കളയാം.

കൂടൻ : അമ്മ പങ്കീ. നീ എന്തോവാ ഈ പറയുന്നതു്. ഗോപിയെപ്പോലെ ഇത്രയും നല്ല കൊച്ചനെ എന്റെ ഈ പ്രായത്തിനോടിടയ്ക്കു് ഞാൻ വേറെ കണ്ടിട്ടില്ല. അവനെന്താ ഒരു കുറവു്? നല്ല ചുണക്കുട്ടിയല്ല്യോ? പിന്നെ, സരസമ്മയുടെ ഫീസിനും മറ്റുമായി അവനു കുറച്ചു കാശു ചെലവുണ്ടു്. അതു നിന്റെ മോന്റെ രൂപ വരുമ്പോളങ്ങു കൊടുത്താൽ തീർന്നില്ലേ? ആ പൂടവറീതു് ഇപ്പം വരും. അയാളോടു ഞാൻ ഇനിയും എങ്ങനെയാണു് അവധി പറയുന്നതു്?

ചന്ദ്രസേനൻ : ദൈവം പെണ്ണിനെ സൃഷ്ടിച്ചതു് എന്നെപ്പോലുള്ള ആണുങ്ങൾക്കു സുഖിക്കാൻ വേണ്ടിയാണു്. ദൈവത്തിന്റെ വിധികൾ മനുഷ്യനിർമ്മിതമായ അതിർ വരമ്പുകൾ കൊണ്ടു ഒതുക്കി നിർത്തുന്നതു് തെറ്റാണു്. കുറ്റമാണു്. ഈ ചന്ദ്രസേനന്റെ കരവലയത്തിൽ ഒതുങ്ങിയ സുന്ദരികൾ എത്രയെത്ര. ഗോപി എനിക്കൊരു പ്രശ്നമേ അല്ല. എന്റെ മുഖത്തു കരിതേച്ച അവനോടു ഞാൻ പകരം വീട്ടും. എയ്തവൻ മുമ്പിൽ നിൽക്കുന്നു. അമ്പു് എന്തു കുറ്റമാണു് ചെയ്തതു്. സരസമ്മ. പാവം.

പൂടവറീതു് : പിള്ളേച്ചാ. മോന്റെ പണം വരും വരും എന്നു പറയാൻ തുടങ്ങിയിട്ടു മാസം രണ്ടു കഴിഞ്ഞു. വറീതിനു് ഇതുപോലെ നാലു പേരു് അവധി പറഞ്ഞാൽ കച്ചവടം നിർത്തേണ്ടിവരും. ആകട്ടെ. ഞാനൊന്നു ചെയ്യാം. ഈ കറവപ്പശുവിനെ ഞാനങ്ങു കൊണ്ടുപോകാം. പറ്റു കഴിഞ്ഞു് ബാക്കി അഞ്ചോ പത്തോ തരികയും ചെയ്യാം.

മോഹങ്ങളും മോഹഭംഗങ്ങളും അലയടിച്ചുയരുന്ന ഒരു കൊച്ചു കുടുംബം. വളരാൻ ആഗ്രഹിച്ചു. പക്ഷെ വാടിക്കരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *