മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു.

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ കൂട്ടുക്കെട്ട് ആണ് മോഹൻലാൽ സത്യൻ അന്തിക്കാട് സിനിമകൾ. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു.ചിത്രത്തെ കുറിച്ച് പറഞ്ഞത് മറ്റാരുമല്ല, സത്യൻ അന്തിക്കാട് തന്നെ ആണ്. കഴിഞ്ഞ ദിവസം ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് സംസാരിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുകയെന്നും സത്യൻ വ്യക്തമാക്കി.

തന്റേത് ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കില്ലെന്നും മോഹൻലാലിനെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായിട്ടുള്ള ചിത്രമായിരിക്കും തന്റേതെന്നും എന്നാൽ ഇതുവരെ ചെയ്തതിൽ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് താനിപ്പോളെന്നും ഔദ്യോഗിക പ്രഖ്യാപനം അതിന് ശേഷമായിരിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തനിമയുള്ളതാണ് സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രങ്ങൾ എന്നൊരു പ്രത്യേകതയുമുണ്ട്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ജയറാം നായകൻ ആയ മകൾ ആയിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *