പാസ്‍വേഡ് പങ്കിട്ട് വിഡിയോ സ്ട്രീമിങ് സേവനം ആസ്വദിക്കുന്ന രീതി അവസാനിപ്പിക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ നീക്കം. നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേഡ് പങ്കിടുന്നതിനെതിരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും രംഗത്തെത്തിയിരിക്കുകയാണ്.
അക്കൗണ്ടുകൾ പങ്കിടുന്ന രീതിക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് മെയിലിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനേഡിയൻ സബ്‌സ്‌ക്രൈബർ കരാറിലെ “അക്കൗണ്ട് പങ്കിടൽ” എന്ന പേരിൽ പുതിയതായി അപ്‌ഡേറ്റ് ചെയ്‌ത വിഭാഗത്തിൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. നവംബർ ഒന്നാം തീയ്യതി മുതലായിരിക്കും ഈ മാറ്റങ്ങൾ.
നവംബർ ഒന്നു മുതൽ അക്കൗണ്ട് പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അറിയിപ്പ്. പരമാവധി ഒരു കുടുംബത്തിലെ നാലു പേർക്ക് ഒരു പാസ്സ്‌വേർഡ് എന്ന നിലയിൽ ആയേക്കും പുതിയ അപ്ഡേറ്റ്.
ഇപ്പോൾ ഇന്ത്യയിൽ നടപ്പാക്കുന്നില്ല എങ്കിലും, ഇനിയുള്ള കാലങ്ങളിൽ ഇവിടെയും ഇത്തരം മാറ്റങ്ങൾ ഉണ്ടായേക്കാം.